പൂമംഗലം ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്ത് : തുടര്‍ച്ചയായി അഞ്ചുവര്‍ഷവും പദ്ധതി നിര്‍വ്വഹണത്തിലും നികുതി പിരിവിലും നൂറുശതമാനം
Published :16-Feb-2017
അരിപ്പാലം: തൃശ്ശൂര്‍ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തായി പൂമംഗലം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2015-16 വര്‍ഷത്തെ മികച്ച ഗ്രാമപഞ്ചായത്തിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വരാജ് ട്രോഫിയും പത്ത് ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും പൂമംഗലത്തിന് ലഭിക്കും. ഇത് നാലാം തവണയാണ് പൂമംഗലം സ്വരാജ് ട്രോഫിക്ക് അര്‍ഹമായിരിക്കുന്നത്. പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും അവ ഫലപ്രദമായി നടപ്പിലാക്കുന്നതിലും പൂമംഗലം മറ്റ് പഞ്ചായത്തുകള്‍ക്ക് മുമ്പേ മാതൃകയാണ്. ഇതിനകം രണ്ടുതവണ ആരോഗ്യകേരളം പുരസ്‌ക്കാരവും ശുചിത്വമിഷന്റെ ജില്ലാ പുരസ്‌ക്കാരവും നേടിയിട്ടുള്ള പൂമംഗലം ഐ.എസ്.ഒ അംഗീകാരം നേടിയ തൃശ്ശൂര്‍ ജില്ലയിലെ ചുരുക്കം ചില പഞ്ചായത്തുകളില്‍ ഒന്നാണ്. 2015-16 വര്‍ഷത്തില്‍ പദ്ധതി നിര്‍വ്വഹണത്തിലും നികുതി പിരിവിലും ചരിത്രനേട്ടം ആവര്‍ത്തിക്കുവാന്‍ പൂമംഗലത്തിന് കഴിഞ്ഞു. തുടര്‍ച്ചയായ അഞ്ച് വര്‍ഷവും പദ്ധതി നിര്‍വ്വഹണത്തിലും നികുതി പിരിവിലും നൂറുശതമാനം നേട്ടം കൈവരിച്ച കേരളത്തിലെ ഏക പഞ്ചായത്തായി പൂമംഗലം മാറി. ജൈവ പച്ചക്കറിഗ്രാമം, ആട് ഗ്രാമം, സമഗ്ര നെല്‍കൃഷി വികസനം, വാഴകൃഷി വ്യാപനം, ബാലസഭ, സാന്ത്വന പരിചരണം, ആശ്രയ ഭവന നിര്‍മ്മാണം, കുടിവെള്ള പദ്ധതി, പാര്‍ക്ക് വികസനം, യുവജനക്ഷേമം, ഓട്ടോറിക്ഷ ധനസഹായം, ശിശുക്കള്‍ക്കും വയോജനങ്ങള്‍ക്കും അംഗപരിമിതര്‍ക്കുമുള്ള ക്ഷേമപദ്ധതികള്‍, പഞ്ചായത്താഫീസ് നവീകരണം എന്നിവയാണ് പൂമംഗലം നടപ്പിലാക്കിയ ശ്രദ്ധേയമായ പദ്ധതികള്‍. വികസന ഫണ്ടിനത്തില്‍ ലഭിച്ച 44.39 ലക്ഷവും പട്ടികജാതി വിഭാഗത്തിനായി 42.30 ലക്ഷവും ലോകബാങ്ക് വിഹിതമായി 13.24 ലക്ഷവും മെയിന്റനന്‍സ് ഫണ്ട് റോഡിനത്തില്‍ 41.26 ലക്ഷവും നോണ്‍ റോഡിനത്തില്‍ 23.19 ലക്ഷവും പൂര്‍ണ്ണമായും ചിലവഴിച്ചതായി പ്രസിഡന്റ് വര്‍ഷ രാജേഷ് പറഞ്ഞു.ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ ഇ.ആര്‍ വിനോദാണ് വൈസ് പ്രസിഡന്റ്. മികച്ച സെക്രട്ടറിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം മൂന്നുതവണ നേടിയിട്ടുള്ള ഹരി ഇരിങ്ങാലക്കുടയാണ് പഞ്ചായത്ത് സെക്രട്ടറി.
 
View Comments