സ്ത്രീയെ കൊന്ന് ചാക്കില്‍കെട്ടി കായലിലേയ്ക്ക് എറിഞ്ഞ പ്രതിയ്ക്ക് ജീവപരന്ത്യം
Published :17-Feb-2017
ഇരിങ്ങാലക്കുട: സ്ത്രീയെ ചാക്കില്‍കെട്ടി കായലിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് ഒരു ലക്ഷം രൂപ പിഴയും ജീവപരന്ത്യം തടവും വിധിച്ചു. കൊല്ലം ചാവറ സ്വദേശിനി തൈക്കുട്ടത്തില്‍ തെക്കേതില്‍ ദാമോദരന്റെ മകള്‍ ബേബിയാണ് കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ കായംകുളം എം.എസ്.എം കോളേജിന് സമാപം വലിയവീട്ടില്‍ കിഴക്കേത് ഷാജിയെന്ന ജപ്പാന്‍ ഷാജി കുറ്റക്കാരനാണെന്ന് ഇരിങ്ങാലക്കുട അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.വെള്ളിയാഴ്ചയാണ് കോടതി വിധി പ്രസ്താവിച്ചത്. 2014 നവംബര്‍ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരണപ്പെട്ട ബേബിയും പ്രതിയുമായി ലോട്ടറി വില്‍ക്കുന്നതിനെ കുറിച്ചുണ്ടായ സാമ്പത്തിക ഇടപാടാണ് പ്രശ്‌നകാരണം. വിഷയത്തില്‍ ബേബി പ്രതിയുടെ മുഖത്തടിച്ചതിന്റെ പ്രതികാരമായിട്ടാണ് സംഭവം നടന്നത്. പ്രതി വാടകയ്‌ക്കെടുത്ത ലോഡ്ജ് മുറിയില്‍ ബേബിയെ കഴുത്തിലും മുഖത്തും കൈകൊണ്ട് അമര്‍ത്തിപിടിച്ച് ശ്വാസം മുട്ടിച്ച് തളര്‍ത്തി. അതിനുശേഷം ചാക്കിലാക്കി ബൈക്കില്‍ കൊണ്ടുപോയി കോട്ടപ്പുറം പാലത്തിന് മുകളില്‍ നിന്നും കായലിലേക്ക് ചാക്ക് സഹിതം ഇട്ട് രക്ഷപ്പെടുകയായിരുന്നു.ആദ്യഭാര്യയായ കായംകുളം സ്വദേശി യുമായി വിവാഹ ബദ്ധം വേര്‍പെടുത്തി നാട് വിട്ട പ്രതി വിവിധ സ്ഥലങ്ങളില്‍ പല സ്ത്രികളെയും ഇരകളാക്കി മുങ്ങുകയാണ് പതിവ് വിവിധ സ്ഥലങ്ങളില്‍ മോഷണ കേസുകളിലും പ്രതി ഏര്‍പെട്ടിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ എസ്.ഐ കെ.ജെ പീറ്ററാണ് കേസന്വേഷണം നടത്തിയത്. 2016 ജനുവരിയിലാണ് കേസിന്റെ വിസ്താരം തുടങ്ങിയത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും 38 സാക്ഷികളെ വിസ്തരിക്കുകയും 47 രേഖകളും 27 മുതലുകളും മാര്‍ക്ക് ചെയ്യുകയുണ്ടായി. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലും പ്രതിയില്‍ നിന്നും കണ്ടെടുത്ത മുതലുകളുടെ അടിസ്ഥാനത്തിലുമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടത്. മരിച്ച ബേബിയുടെ ശരീരം ചാക്കിലാക്കി കെട്ടാന്‍ ഉപയോഗിച്ച മുണ്ടിന്റെ ബാക്കിഭാഗം പ്രതിയെ അറസ്റ്റ് ചെയ്തതിനുശേഷം കണ്ടെടുത്തതാണ് കേസിന് വഴിത്തിരിവായത്. ബേബിയുടെ മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത കമ്മലാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായകമായത്. തുടര്‍ന്ന് ഡി.എന്‍.എ ടെസ്റ്റും നടത്തുകയുണ്ടായി.
 
View Comments

Other Headlines