ആറാട്ടുപുഴ ക്ഷേത്രം പത്തായപ്പുര സമര്‍പ്പണം 22ന്
Published :20-Mar-2015

ആറാട്ടുപുഴ: ആറാട്ടുപുഴ ശാസ്താ ക്ഷേത്രത്തിലെ പത്തായപ്പുരയുടെ നവീകരണം പൂര്‍ത്തീകരിച്ചു. ക്ഷേത്ര തച്ചുശാസ്ത്ര വിധിപ്രകാരം നവീകരിച്ച പത്തായപ്പുര മാര്‍ച്ച് 22ന് രാവിലെ 8.30ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഭാസ്‌കരന്‍നായര്‍ ഭദ്രദീപം കൊളുത്തി ശാസ്താവിന് സമര്‍പ്പിക്കും. മാടമ്പ് കുഞ്ഞുകുട്ടന്‍, പുതുക്കാട് എംഎല്‍എ പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവര്‍ ശില്പികള്‍ക്ക് ഉപഹാരം നല്‍കി ആദരിക്കും.102 അടി നീളവും പതിനൊന്നര അടി വീതിയുമുള്ള പത്തായപ്പുര ഇരുനിലകളിലായാണ് നവീകരിച്ചിട്ടുള്ളത്. പൗരാണിക രീതിയില്‍ 250ഓളം ഓടുക്രാസികള്‍ ഇതില്‍ സ്ഥാപിച്ചിട്ടുണ്ട്. തേക്കുമരത്തില്‍ തീര്‍ത്ത 8 മുഖപ്പുകളും കൊത്തുപണികള്‍ കൊണ്ട് സമ്പുഷ്ടമാണ്. 14 തൂണുകളും വാസ്തുവിധിപ്രകാരം രൂപകല്പന ചെയ്തിട്ടുണ്ട്. മേല്‍ക്കൂരയില്‍ ആറാട്ടുപുഴയില്‍ വെച്ച് രൂപകല്പന ചെയ്ത് നിര്‍മിച്ച ഓടുകളാണ് വിരിച്ചിരിക്കുന്നത്. മണ്ണുകൊണ്ട് നിര്‍മിച്ചിട്ടുള്ള ഓടുകളാണ് നിലത്ത് വിരിച്ചിട്ടുള്ളത്. ഇരുനിലകളിലുമുള്ള തിണ്ണകളില്‍ കരിങ്കല്‍ പാളികള്‍ വിരിച്ചിരിക്കുന്നു. കല്പണികള്‍ക്ക് ആറാട്ടുപുഴ വലിയവീട്ടില്‍ വി.എന്‍. സുരേന്ദ്രനും മരപ്പണികള്‍ക്ക് ആറാട്ടുപുഴ വീട്ടില്‍ ശ്രീകുമാര്‍ ശ്രീധരനും നേതൃത്വം നല്‍കി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ 20 ലക്ഷത്തോളം രൂപ ചെലവില്‍ ആറാട്ടുപുഴ ക്ഷേത്ര പ്രദേശകസമിതിയാണ് പത്തായപ്പുരയുടെ നവീകരണം പൂര്‍ത്തീകരിച്ചത്.സമര്‍പ്പണത്തില്‍ ക്ഷേത്രം തന്ത്രി കെ.പി. ഉണ്ണി ഭട്ടതിരിപ്പാട്, പെരുവനം കുട്ടന്‍ മാരാര്‍, ക്ഷേത്രം ഊരാളന്‍ കുടുംബാംഗങ്ങളായ മാടമ്പ് ഹരിദാസന്‍ നമ്പൂതിരി, ചിറ്റിശ്ശേരി കപ്ലിങ്ങാട്ട് കൃഷ്ണന്‍ നമ്പൂതിരി, കരോളില്‍ എളമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി, ചോരഞ്ചേടത്ത് ശ്രീകുമാര്‍ നമ്പൂതിരി, ഓട്ടൂര്‍ മേയ്ക്കാട്ട് ജയന്‍ നമ്പൂതിരി, വിദ്യാധരന്‍, അഷ്ടമൂര്‍ത്തി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ ഇ.എ. രാജന്‍, കെ.ഡി. ബാഹുലേയന്‍, സ്‌പെഷല്‍ കമ്മീഷണര്‍ കെ.ആര്‍. ഹരിദാസ്, സെക്രട്ടറി വി. രാജലക്ഷ്മി, മറ്റ് ബോര്‍ഡ് അധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


 

View Comments

Other Headlines