Set as homepage 24/7 Sales & Support: (+91)9387432008

 

  നടവരമ്പ്‌ ചിറവളവില്‍ അജ്ഞാത മൃതദേഹം  
  • Menu

Archive

Month  
Year
Su Mo Tu We Th Fr Sa

Advertisements

 
News Date: Tuesday, August 21, 2012
'ഇന്റര്‍നാഷ്‌ണല്‍ റിലേഷന്‍സില്‍' പി.എച്ച്‌.ഡി നേടി ഇരിങ്ങാലക്കുടക്കാരന്‍ 23203

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നും 'ഇന്റര്‍നാഷ്‌ണല്‍ റിലേഷന്‍സില്‍' ഇരിങ്ങാലക്കുട സ്വദേശിയായ സ്റ്റാന്‍ലി ജോണി പി.എച്ച്‌.ഡി നേടി. ഇരിങ്ങാലക്കുട മാമ്പിള്ളി ജോണിയുടേയും, സിസിലിയുടേയും മകനാണ്‌ സ്‌റ്റാന്‍ലി. ഡല്‍ഹിയില്‍, 'ഇക്കണോമിക്‌സ്‌ ടൈംസ്‌' പത്രത്തിന്റെ റിപ്പോര്‍ട്ടറാണ്‌.

News Date: Tuesday, August 21, 2012
പങ്കാളിത്ത പെന്‍ഷനെതിരെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഇന്ന്‌ (ചൊവ്വാഴ്‌ച)പണിമുടക്കുന്നു 23196

പങ്കാളിത്ത പെന്‍ഷനെതിരെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഇന്ന്‌ (ചൊവ്വാഴ്‌ച) പണിമുടക്കുന്നു. ഇടതുപക്ഷ സര്‍വ്വീസ്‌ സംഘടനകളും, ബി.ജെ.പി അനുകൂല സംഘടനകളുമാണ്‌ പണിമുടക്കിന്‌ നോട്ടീസ്‌ നല്‍കിയത്‌.

News Date: Tuesday, August 21, 2012
മലയാളം ഫൗണ്ടേഷന്‍ പുരസ്‌ക്കാരങ്ങള്‍ സമര്‍പ്പിച്ചു 23201

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌ക്കാര സമര്‍പ്പണം നടന്നു. പ്രവര്‍ത്തന മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച 6 പേര്‍ക്കാണ്‌ പുരസ്‌ക്കാരം നല്‍കിയത്‌. സമഗ്ര സംഭാവനയ്‌ക്ക്‌ കവിത, നാടകപ്രവര്‍ത്തനം, മാധ്യമരംഗം എന്നീ രംഗങ്ങളില്‍ നാണപ്പന്‍ മഞ്ഞപ്രയ്‌ക്കും, സാഹിത്യം, പൊതുകാര്യം, സംഘാടനാ പ്രവര്‍ത്തനങ്ങള്‍ എന്നീ രംഗങ്ങളിലെ മികവിന്‌ ഗിരിജാവല്ലഭനുമാണ്‌ പുരസ്‌ക്കാരങ്ങള്‍ നല്‍കിയത്‌. മറ്റു രംഗങ്ങളില്‍ കാട്ടൂര്‍ മുരളി (പത്രപ്രവര്‍ത്തനം), സി.എസ്‌ പണിക്കര്‍ (ചെറിയ പ്രസിദ്ധീകരണം വഴിയുള്ള മാധ്യമ പ്രവര്‍ത്തനം), മുണ്ടൂര്‍ രാജന്‍ (കേരളത്തിനു വെളിയില്‍ നിന്നുള്ള പുസ്‌തക പ്രസാധനം), അരവിന്ദന്‍ നെല്ലുവായ്‌ (ആദ്യ സിനിമയ്‌ക്കുള്ള സംവിധാന മികവ്‌) എന്നിവര്‍ക്കാണ്‌ പുരസ്‌ക്കാരങ്ങള്‍ നല്‍കിയത്‌. പുരസ്‌ക്കാര സമര്‍പ്പണം മാടമ്പ്‌ കുഞ്ഞുകുട്ടന്‍ ഉദ്‌ഘാടനം ചെയ്‌തു. മദ്ധ്യമേഖല ഐ.ജി എസ്‌.ഗോപിനാഥ്‌ മുഖ്യാതിഥിയായിരുന്നു. മലയാളഭൂമി ശശിധരന്‍നായര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എം.പി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഇശൈമണി വൈദ്യനാഥഭാഗവതര്‍, പ്രിയനന്ദന്‍, പ്രൊഫ.പറമ്പില്‍ ജയകുമാര്‍, അഡ്വ.എ.യു രഘുരാമപണിക്കര്‍, എന്‍.കെ ഭൂപേഷ്‌ബാബു, ഗോപിനാഥ്‌ തട്ടേക്കാടന്‍, ചിത്രക്കാരന്‍ ഗായത്രി, ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇശൈമണി വൈദ്യനാഥ ഭാഗവതര്‍, ഋഥിമ ജില്‍സു എന്നിവരെ ആദരിച്ചു. തുടര്‍ന്ന്‌ ചലച്ചിത്ര താരം കൃപ അവതരിപ്പിച്ച പരിപാടികളും അരങ്ങേറി.

News Date: Tuesday, August 21, 2012
ശിശു സൗഹൃദ വിദ്യാലയം ഉദ്‌ഘാടനം ചെയ്‌തു 23224

നടവരമ്പ്‌ ഗവ.എല്‍.പി സ്‌കൂളില്‍ എസ്‌.എസ്‌.എ ഫണ്ടുപയോഗിച്ച്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 'ശിശുസൗഹൃദ വിദ്യാലയ'ത്തിന്റെ ഉദ്‌ഘാടനം വേളൂക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടി.ഡി ലാസര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ പി.ഐ ജോസ്‌ അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസര്‍ കെ.വി രാമജയന്‍ പദ്ധതി വിശദീകരണം നടത്തി. പി.എ സന്തോഷ്‌, ധന്യ ചന്ദ്രശേഖര്‍, ജോണി തെക്കിനിയത്ത്‌, ലളിത.കെ, വത്സല എ.എസ്‌, കേശവ പ്രസാദ്‌.പി എന്നിവര്‍ സംസാരിച്ചു. പ്രധാനദ്ധ്യാപിക എം.ആര്‍ ജയസൂനം സ്വാഗതവും, പി.ടി.എ പ്രസിഡണ്ട്‌ നിഷ എഡിസണ്‍ നന്ദിയും പറഞ്ഞു.

News Date: Tuesday, August 21, 2012
പടിയൂര്‍ പഞ്ചായത്തില്‍ പട്ടി ശല്യം: ജനങ്ങള്‍ ഭീതിയില്‍ 23226

കൂട്ടമായി റോഡിലും, ആള്‍ത്താമസമില്ലാത്ത കെട്ടിടങ്ങളിലും, അമ്പലപരിസരത്തും, വിജനമായ പറമ്പുകളിലും അലഞ്ഞു തിരിഞ്ഞു നടക്കുന്ന പട്ടികള്‍ പടിയൂര്‍ പഞ്ചായത്തിലെ ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്നു. സര്‍ക്കാരും, പഞ്ചായത്ത്‌ അധികൃതരും ഇടപെട്ട്‌ ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന്‌ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന്‌ വിവേകാനന്ദ സാംസ്‌ക്കാരിക സംഘം വാര്‍ഷിക യോഗം ആവശ്യപ്പെട്ടു. ടി.ജി സനീഷ്‌, ടി.വി വിനോദ്‌മാസ്‌റ്റര്‍, അജയന്‍ പൊന്നംപുള്ളി, സുരേഷ്‌ ഒളരിപറമ്പില്‍, എം.എ സുരേഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

News Date: Tuesday, August 21, 2012
പണിമുടക്ക്‌: ഇരിങ്ങാലക്കുടയില്‍ 90 ശതമാനം ജീവനക്കാര്‍ അണിചേര്‍ന്നു 23228

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉത്തരവ്‌ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ സര്‍ക്കാര്‍ ജീവനക്കാരും, അദ്ധ്യാപകരും നടത്തുന്ന പണിമുടക്കില്‍ ഇരിങ്ങാലക്കുട മേഖലയില്‍ നിന്നും 90 ശതമാനം ജീവനക്കാര്‍ അണിചേര്‍ന്നു. സിവില്‍ സ്റ്റേഷനിലെ സെയില്‍സ്‌ ടാക്‌സ്‌ ഓഫീസ്‌, ഇന്‍സ്‌പെക്ടിങ്‌ അസി.കമ്മീഷ്‌ണര്‍ ഓഫീസ്‌, ലേബര്‍ ഓഫീസ്‌, ലീഗല്‍ മെട്രോളജി ഓഫീസുകള്‍ എന്നിവ പ്രവര്‍ത്തിച്ചില്ല. ജില്ല വിദ്യാഭ്യാസ ഓഫീസില്‍ 23ല്‍ 21 പേരും, താലൂക്ക്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ ഓഫീസില്‍ 29ല്‍ 27 പേരും, ആര്‍.ടി.ഒ ഓഫീസില്‍ 24ല്‍ 21 പേരും, സപ്ലൈ ഓഫീസില്‍ 21ല്‍ 16 പേരും പണിമുടക്കി. താലൂക്ക്‌ ഓഫീസില്‍ 76ല്‍ 49 പേരും പണിമുടക്കി. പി.ഡബ്ല്യു.ഡി സ്‌പെഷ്യല്‍ ബില്‍ഡിങ്‌ ഓഫീസ്‌ തുറന്നില്ല. സബ്ബ്‌ ട്രഷറിയില്‍ 22ല്‍ 16 പേരും, സഹകരണ ഓഡിറ്റ്‌ ഓഫീസില്‍ 35ല്‍ 30 പേരും, ഇറിഗേഷന്‍ സബ്ബ്‌ ഡിവിഷന്‍ ഓഫീസില്‍ 10ല്‍ 9 പേരും പണി മുടക്കി. കൃഷി അസി.ഡയറക്ടര്‍ ഓഫീസ്‌, ഉപജില്ല വിദ്യാഭ്യാസ ഓഫീസ്‌ എന്നിവ പ്രവര്‍ത്തിച്ചില്ല. പണി മുടക്കിയ ജീവനക്കാര്‍ സിവില്‍ സ്റ്റേഷനിലും, ടൗണിലും പ്രകടനം നടത്തി. തുടര്‍ന്നു ചേര്‍ന്ന യോഗം കെ.എസ്‌.ടി.എ ജില്ല ജോ.സെക്രട്ടറി കെ.ജി മോഹനന്‍ മാസ്‌റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. ജോ.കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗം പോള്‍, ഒ.എന്‍ അജിത്‌കുമാര്‍, പി.ആര്‍ ബാലന്‍, ചന്ദ്രന്‍ മനവളപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

News Date: Tuesday, August 21, 2012
അനസ്‌തേഷ്യ ഡോക്ടറുടെ കൈക്കൂലി: മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി. 23214

ഭാര്യയുടെ ഓപ്പറേഷനു വേണ്ടി അനസ്‌തേഷ്യ ഡോക്ടര്‍ തന്റെ കൈയ്യില്‍ നിന്നും കൈക്കൂലി വാങ്ങിയതായി കയ്‌പ്പമംഗലം കാരയില്‍ വീട്ടില്‍ കെ.ആര്‍ രാമചന്ദ്രന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പരാതി നല്‍കി. ബൈക്കില്‍ നിന്നും വീണ രാമചന്ദ്രന്റെ ഭാര്യ പങ്കജവല്ലിയുടെ കൈത്തണ്ടയുടെ എല്ലു പൊട്ടുകയും താലൂക്ക്‌ ആശുപത്രിയില്‍ ചെന്നപ്പോള്‍ ഓപ്പറേഷന്‍ വേണമെന്ന്‌ പറയുകയും തുടര്‍ന്ന്‌ ആഗസ്റ്റ്‌ 2-ാം തിയ്യതി ഓപ്പറേഷനു വേണ്ടി അഡ്‌മിറ്റാവുകയും ചെയ്‌തു. ഓപ്പറേഷനു മുമ്പ്‌ അനസ്‌തേഷ്യ ഡോക്ടറുടെ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യമുണ്ടെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ ഡോക്ടറെ വീട്ടില്‍ ചെന്നു കാണുകയും അനസ്‌തേഷ്യ ഡോക്ടര്‍ ഇവരോട്‌ ഓപ്പറേഷന്‍ വളരെ ഗൗരവമുള്ളതാണെന്ന്‌ പറയുകയും ചെയ്‌തു. സ്വാകാര്യ ആശുപത്രിയില്‍ ഈ ഓപ്പറേഷന്‌ ഏകദേശം നാല്‍പ്പതിനായിരം രൂപ ഫീസ്‌ വരുമെന്നും അതുകൊണ്ട്‌ ഏകദേശം 1500 രൂപ ഓപ്പറേഷനു മുമ്പ്‌ തനിക്ക്‌ നല്‍കണമെന്നും അറിയിച്ചു. എന്നാല്‍ പൊതു പ്രവര്‍ത്തകനായ രാമചന്ദ്രന്‍, ഡോക്ടര്‍ കൈക്കൂലി ചോദിച്ച വിവരം തൃശ്ശൂര്‍ വിജിലന്‍സ്‌ ഓഫീസില്‍ ചെന്ന്‌ പരാതി പറയുകയും ഉദ്യോഗസ്ഥര്‍ വന്ന്‌ സ്ഥലം പരിശോധിച്ച ശേഷം ഓപ്പറേഷന്‍ ദിവസം പണം നല്‍കാമെന്ന്‌ അറിയിക്കുകയും ചെയ്‌തു. ഇതനുസരിച്ച്‌ രാമചന്ദ്രന്‍ വീണ്ടും അനസ്‌തേഷ്യ ഡോക്ടറെ ചെന്നു കണ്ട്‌ ഇപ്പോള്‍ പണം കൈയ്യിലില്ലെന്നും ഓപ്പറേഷന്‍ ദിവസം തരാമെന്ന്‌ പറയുകയും ചെയ്‌തു. ഭാര്യയെ ഓപ്പറേഷന്‍ തിയ്യേറ്ററിലേക്ക്‌ കൊണ്ടു പോയി ഏകദേശം 1 മണിക്കൂറിനു ശേഷം അസ്‌തേഷ്യ ഡോക്ടര്‍ രാമചന്ദ്രനെ വിളിക്കുകയും കൈത്തണ്ട തരിപ്പിച്ചുകൊണ്ടുള്ള അനസ്‌തേഷ്യ പ്രയാസമാണെന്നും പൂര്‍ണ്ണമായും ബോധം കെടുത്തികൊണ്ടുള്ള അനസ്‌തേഷ്യ നല്‍കണമെന്നും പറഞ്ഞു. അതിനാല്‍ പറഞ്ഞ സംഖ്യയേക്കാള്‍ കൂടുതല്‍ തുക നല്‍കണമെന്നും ഡോക്ടര്‍ പറഞ്ഞു. ഭാര്യയുടെ ഓപ്പറേഷന്‍ കഴിഞ്ഞ വാര്‍ഡിലേക്ക്‌ മാറ്റിയ ഉടന്‍ വിജിലന്‍സ്‌ ഓഫീസിലേക്ക്‌ ചെന്ന തന്നോട്‌ ഓപ്പറേഷന്‍ കഴിഞ്ഞതിനാല്‍ കൊടുത്ത പണം കൈക്കൂലിയായി കാണാന്‍ സാധിക്കില്ലെന്ന മറുപടിയാണ്‌ രാമചന്ദ്രനു ലഭിച്ചത്‌. ഡോക്ടറെ സംബന്ധിച്ച്‌ അന്വേഷിച്ചപ്പോള്‍ ഇതേ ആശുപത്രിയില്‍ ഓപ്പറേഷനു വിധേയരാകുന്ന രോഗികളില്‍ നിന്നും നിര്‍ബന്ധമായും ഇദ്ദേഹം പണം പിരിക്കുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. അതിനാല്‍ ഓപ്പറേഷന്‌ വിധേയവരായവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച്‌ അനസ്‌തേഷ്യ ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ രാമചന്ദ്രന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ്‌ സംസ്ഥാന ആഭ്യന്തര വകുപ്പു മന്ത്രി, ആരോഗ്യവകുപ്പ്‌ മന്ത്രി, ഇരിങ്ങാലക്കുട എം.എല്‍.എ എന്നിവര്‍ക്കും കൈമാറിയിട്ടുണ്ട്‌.

News Date: Tuesday, August 21, 2012
തൃക്കാക്കരയപ്പോ പടിക്കേലും വാ...ഞാനിട്ട പൂക്കളം കാണാനും വായോ 23222

  തിരുവോണ ദിവസം മഹാബലിയെ വരവേല്‍ക്കുന്നതിനാണ്‌ വീട്ടുമുറ്റത്ത്‌ തൃക്കാക്കരയപ്പനെ ഒരുക്കുന്നത്‌. ഇരിങ്ങാലക്കുടയില്‍ വഴിയോരത്ത്‌ വില്‍പ്പനയ്‌ക്കു വച്ചിരിക്കുന്ന കളിമണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പന്‍ ചെറുത്‌ 3 എണ്ണത്തിന്‌ 100 രൂപയും, വലുത്‌ ഒരെണ്ണത്തിന്‌ 75 രൂപയുമാണ്‌ ഇപ്പോള്‍ വില. കൊടകരയില്‍ നിന്നുമാണ്‌ ഇവ ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്‌. ഓണമടുക്കുമ്പോള്‍ ഇനിയും വില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്‌. ചുവപ്പു കളറില്‍ ഭംഗിയായി ഡിസൈന്‍ ചെയ്‌താണ്‌ ഇവ വിപണിയില്‍ എത്തിയിരിക്കുന്നത്‌. ഉത്രാടനാളില്‍, പച്ചരി വെള്ളത്തലിട്ടു കുതിര്‍ത്ത്‌ അരക്കല്ലില്‍ വച്ചു നേര്‍മയായി അരച്ച്‌ ഈര്‍ക്കിലുപയോഗിച്ച്‌ മനോഹരമായ ചിത്രങ്ങള്‍ വരച്ച്‌ തൃക്കാക്കരയപ്പനെ ഒന്നു കൂടി മോടിയാക്കുന്നു. അതിനു ശേഷം തൃക്കാക്കരയപ്പനില്‍ ഉള്ള ചെറിയ സുഷിരങ്ങളില്‍ പൂക്കള്‍ വച്ചു അലങ്കരിക്കുന്നു. 

മുറ്റത്തോ ,ഇറയത്തോ അരിമാവുകൊണ്ട്‌ കോലം വരച്ച്‌ അതിനു മുകളില്‍ കളിമണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പന്റെ രൂപങ്ങള്‍ പ്രതിഷ്‌ഠിക്കുന്നു. ഇതിനെ ഓണം കൊള്ളുക എന്നും പറയുന്നു. ഉത്രാടത്തിന്‍ നാള്‍ തൃക്കാക്കരയപ്പനെ ചെറിയ പീഠത്തില്‍ ഇരുത്തി തുമ്പക്കുടം, പുഷ്‌പ്പങ്ങള്‍ എന്നിവകൊണ്ട്‌ അലങ്കരിക്കുന്നു. കത്തിച്ച നിലവിളക്ക്‌, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം. അവല്‍, മലര്‍ തുടങ്ങിയവയും ഇതിനോടൊപ്പം വയ്‌ക്കുന്നു.

തൃക്കാക്കരയപ്പോ പടിക്കേലും വാ
ഞാനിട്ട പൂക്കളം കാണാനും വായോ
ആര്‍പ്പേ.. ഇറോ, ഇറോ, ഇറോ'.....

News Date: Tuesday, August 21, 2012
ഡോക്ടര്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം: ബി.ജെ.പി താലൂക്ക്‌ ആശുപത്രിയിലേക്ക്‌ മാര്‍ച്ച്‌ നടത്തി 23208

ഇരിങ്ങാലക്കുട താലൂക്ക്‌ ആശുപത്രിയിലെ അനസ്‌തേഷ്യ ഡോക്ടര്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന്‌ ഡോക്ടറെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ ബി.ജെ.പി താലൂക്ക്‌ ആശുപത്രിയിലേക്ക്‌ മാര്‍ച്ച്‌ നടത്തി. ഇരിങ്ങാലക്കുട ബസ്സ്‌ സ്റ്റാന്‍ഡ്‌ പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച്‌ താലൂക്ക്‌ ആശുപത്രിക്കു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന്‌ നടന്ന പൊതുയോഗം ബി.ജെ.പി മണ്ഡലം ജന.സെക്രട്ടറി കൃപേഷ്‌ ചെമ്മണ്ട ഉദ്‌ഘാടനം ചെയ്‌തു. ടൗണ്‍ പ്രസിഡണ്ട്‌ വിജയന്‍ പാറേക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി കൗണ്‍സിലര്‍മാരായ സന്തോഷ്‌ ബോബന്‍, രാജി സുരേഷ്‌ എന്നിവര്‍ മാര്‍ച്ചിന്‌ നേതൃത്വം നല്‍കി.

News Date: Tuesday, August 21, 2012
പുല്ലൂര്‍ നാടകരാവ്‌ 2012: നാടകങ്ങള്‍ തിരഞ്ഞെടുത്തു 23212

പുല്ലൂര്‍ ചമയം നാടകവേദിയുടെ 17-ാമത്‌ വാര്‍ഷികാഘോഷങ്ങള്‍ ഒക്ടോബര്‍ 14 മുതല്‍ 22 വരെ പുല്ലൂര്‍-തുറവന്‍കാട്‌ സ്‌നേഹതീരം ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം, അമേച്വര്‍ നാടകമത്സരങ്ങള്‍, നാടന്‍ കലകള്‍, സമാദരണങ്ങള്‍ തുടങ്ങിയ പരിപാടികളോടെ നടക്കും. പരിപാടികള്‍ ഒക്ടോബര്‍ 14ന്‌ വൈകീട്ട്‌ 6 മണിക്ക്‌ മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ ഉദ്‌ഘാടനം ചെയ്യും. അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഗ്യാലപ്പ്‌ പോളിലൂടെയാണ്‌ മത്സരങ്ങളുടെ വിധി നിര്‍ണ്ണയിക്കുന്നത്‌. ഒക്ടോബര്‍ 22ന്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍ പുല്ലൂരിലെ 10 വയസ്സിനും 70 വയസ്സിനും ഇടയിലുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ലഘുനാടകങ്ങളായ ചെസ്‌നാല, ചട്ടവും അപവാദവും, ഡി എന്‍ഡ്‌ എന്നീ നാടകങ്ങള്‍ ഉണ്ടായിരിക്കും. പരിപാടിയുടെ സ്വാഗതസംഘം കമ്മിറ്റി ഭാരവാഹികളായി അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടി.ജിശങ്കരനാരായണന്‍, മുരിയാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ എം.ബി രാഘവന്‍മാസ്റ്റര്‍ എന്നിവരെ തിരഞ്ഞെടുത്തു. എം.എല്‍.എ അഡ്വ.തോമസ്‌ ഉണ്ണിയാടന്‍, ടി.ജി ശങ്കരനാരായണന്‍, എ.എന്‍ രാജന്‍, നിമല്‍.ടി.സി, കെ.കെ തങ്കപ്പന്‍, പുല്ലൂര്‍ സജു ചന്ദ്രന്‍, അനു വര്‍ഗ്ഗീസ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

News Date: Tuesday, August 21, 2012
'രക്ത'വില വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചു 23216

  മുന്നൂറു രൂപയില്‍ നിന്നും ഒറ്റയടിക്ക്‌ 750 രൂപയായി രക്തവില വര്‍ദ്ധിപ്പിക്കാനുള്ള മനുഷ്യത്വരഹിതായ നീക്കം ഉപേക്ഷിക്കണമെന്ന്‌ മാടായിക്കോണം ഗ്രാമവികസന സമിതി ആവശ്യപ്പെട്ടു. ദാരിദ്രൃരേഖയ്‌ക്കു താഴെയുള്ളവര്‍ക്കു കൂടി ഈ വന്‍ വര്‍ദ്ധന ബാധകമാക്കിയത്‌ അത്യന്തം പ്രതിഷേധാത്മകമാണെന്നും യോഗം വിലയിരുത്തി. ഹീമോഫീലിയ, കാന്‍സര്‍, ഡയാലിസീസ്‌ രോഗികള്‍, വാഹനാപകടത്തില്‍പ്പെട്ടവര്‍ തുടങ്ങിയവരെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. പ്രസിഡണ്ട്‌ ഉണ്ണികൃഷ്‌ണന്‍ കിഴുത്താണി അദ്ധ്യക്ഷത വഹിച്ചു. പിസി രഘു, കെ.കെ നാരായണമേനോന്‍, സി.എ മഹാദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

News Date: Tuesday, August 21, 2012
പട്ടാണിക്കുന്ന്‌ കുടിവെള്ള പദ്ധതി അധിക ലൈനുകള്‍ സ്ഥാപിക്കും 23218

  വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത്‌ കാരുമാത്ര 9-ാം വാര്‍ഡില്‍ മുന്‍ രാജ്യസഭാംഗം പി.ആര്‍ രാജന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള 11.10 ലക്ഷം രൂപ ഉപയോഗിച്ച്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന കടലായി പട്ടാണിക്കുന്ന്‌ കുടിവെള്ള വിതരണ പദ്ധതിയുടെ അപര്യാപ്‌തത പരിഹരിക്കാന്‍ 2.84 ലക്ഷം കൂടി ഇതേ ഫണ്ടില്‍ നിന്നും അനുവദിച്ചു. നിര്‍ദ്ദിഷ്ട പദ്ധതി പ്രകാരം ആയിരം മീറ്റര്‍ കുടിവെള്ള വിതരണ പൈപ്പുലൈനാണ്‌ സ്ഥാപിച്ചിട്ടുള്ളത്‌. ഇതിലൂടെ പദ്ധതി പ്രദേശത്തെ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക്‌ പ്രയോജനം ലഭിക്കാത്ത സാഹചര്യം വാര്‍ഡു മെമ്പറും ഗ്രാമപഞ്ചായത്ത്‌ മെമ്പറുമായ പി.കെ.എം അഷ്‌റഫ്‌ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ്‌ അധിക ലൈനുകള്‍ സ്ഥാപിക്കാനുള്ള തുക അനുവദിച്ചത്‌. ഇതോടെ കടലായി, റേഷന്‍കട പരിസരം, അംഗന്‍വാടി റോഡ്‌, കാട്ടുങ്ങല്‍ കോളനി റോഡ്‌ എന്നിവിടങ്ങളില്‍ പുതിയതായും, അധികമായും 920 മീറ്റര്‍ ലൈനുകള്‍ സ്ഥാപിക്കും.

News Date: Tuesday, August 21, 2012
പൂവിളികളുമായി അത്തം വന്നു 23194

സമൃദ്ധിയുടെ സ്‌മരണകളുയര്‍ത്തി പൊന്നിന്‍ ചിങ്ങമാസത്തിലെ അത്തം പിറന്നു. മാവേലിമന്നനെ വരവേല്‍ക്കാന്‍ നാടുണര്‍ന്നു കഴിഞ്ഞു. ഇനി തിരുവോണത്തിനായി 10 നാളത്തെ കാത്തിരിപ്പു മാത്രം. അത്തപ്പൂവിടലോടെയാണ്‌ ഓണത്തിന്റെ തുടക്കം. അത്തം മുതല്‍ 10 ദിവസം പൂക്കളം ഇടാറുണ്ട്‌. പൂക്കളങ്ങള്‍ ഒരുക്കുന്നതിന്‌ പ്രത്യേക ക്രമങ്ങളുണ്ട്‌. അത്തദിനത്തില്‍ തുമ്പ മാത്രമാണ്‌ പൂക്കളത്തില്‍ പതിവ്‌. പിന്നീട്‌ നാളുകള്‍ക്കും വിശേഷങ്ങള്‍ക്കുമനുസരിച്ച്‌ പൂക്കളും നിറങ്ങളും മാറും. പൂവേപൊലി പാടി പറമ്പുകള്‍ കയറിയിറങ്ങി പൂപറിക്കുന്ന കുട്ടികളും മുറ്റത്ത്‌ ചാണകം മെഴുകി പൂക്കളമൊരുക്കുന്ന വീടുകളും കുറവാണെങ്കിലും ഇതെല്ലാം മലയാളിയുടെ ഗുഹാതുരതയുടെ ഭാഗമാണ്‌. പൂക്കളമിട്ടില്ലെങ്കിലും പൂപറിച്ചില്ലെങ്കിലും അത്തം തുടങ്ങിയാല്‍പ്പിന്നെ ലോകത്തെവിടെയാണെങ്കിലും മലയാളിയുടെ മനസ്സില്‍ ഓണവിളികളാണ്‌.

News Date: Tuesday, August 21, 2012
നരകാസുരവധം കഥകളി ഹരം പകര്‍ന്നു. 23236

ഉണ്ണായിവാര്യര്‍സ്‌മാരക കാലനിലയത്തിന്റെയും ഡോ. കെ.എന്‍.പിഷാരടി കഥകളി ക്ലബിന്റേയും സഹകരണത്തോടെ ദുബായ്‌ തിരനോട്ടം കലനിലയത്തില്‍ സംഘടിപ്പിച്ച അരങ്ങ്‌ സമാപനത്തില്‍ അവതരിപ്പിച്ച നരകാസുരവധം കഥകളി അസ്വാദകരെ അക്ഷരാര്‍തഥത്തില്‍ ഹരം പിടിപ്പിച്ചു. കാര്‍ത്തികത്തിരുനാവ രചിച്ച ചിട്ടപ്രധാനമായ നരകാസുരവധം സമ്പൂര്‍ണ്ണ കഥകളി അപൂര്‍വ്വമായി മാത്രം അവതരിപ്പിച്ചവരുന്ന സന്ദര്‍ഭത്തിലാണ്‌ തിരനോട്ടം നിണത്തോട്‌ കൂടി സംഘടിപ്പിച്ചത്‌. കലാമണ്ഡലം അദ്ധ്യാപകനായ ഹരി.ആര്‍. നായരാണ നിണം നിറഞ്ഞ നക്രതുണ്ഡിയെ ഉജ്ജ്വലമാകിയത്‌. ദേവ ലോകത്ത്‌ നിന്നും ജയന്തന്റെ വെട്ടേറ്റ്‌ സ്‌തനങ്ങള്‍ ഛേദിക്കപ്പെട്ട്‌ മേലാസകലം രക്തത്തില്‍ക്കുളളിച്ച്‌ നരകാസുരന്റെയടുത്ത്‌ സങ്കടം പറയുന്ന ഹരിയുടെ നക്രതുണ്ഡിയെ തിരനോട്ടം കഥകളി ആസ്വാദകര്‍ നിറഞ്ഞ മനസ്സോടെ ഹൃദയത്തിലേറ്റി കൂടന്‍മാണിക്യം ഊട്ടുപുരയിലാണ്‌ നിണ്ണമൊരുക്കിയത്‌. വൈദ്യുതി ദീപങ്ങള്‍ അണ്ണച്ച്‌ കത്തുന്ന തീപ്പന്തങ്ങളുടെ വെളിച്ചത്തില്‍ "അയ്യയ്യോ" യെന്ന അലമുറയിട്ടും ഛേദിക്കപ്പെട്ട ശരീരഭാഗങ്ങള്‍ അമര്‍ത്തിപ്പിടിച്ചും ഭയാനകമായ അഭിനയസങ്കേതങ്ങളെ കണ്ടത്തി. കലാമണ്ഡലം നിരജ്‌ വലിയ നരകാസുരനായി തിളങ്ങി. കലാമണ്ഡലം പ്രദീപ്‌ ശ്രീകൃഷ്‌ണനായും, ശ്രീരാമന്‍ സത്യഭാമയായും സദനം ഭാസി ലളിനയേയും, മനോജ്‌കുമാര്‍ ചെറിയ നരകാസുരനേയും അവതരിപ്പിച്ചു. 

News Date: Tuesday, August 21, 2012
സി.പി.ഐ.യുടെ നേതൃത്വത്തില്‍ മാവേലി സ്റ്റോറുകളിലേക്ക്‌ മാര്‍ച്ചും ധര്‍ണ്ണയും 23234

ഭക്ഷ്യ സബ്‌സിഡി വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച്‌ കേരളമൊട്ടാകെ മാവേലി സ്റ്റോറുകളിലേക്കും സിവില്‍ സപ്‌ളൈസിനും മുമ്പില്‍ സി.പി.ഐ. നടത്തുന്ന മാര്‍ച്ചിന്റെയും ധര്‍ണ്ണയുടെയും ഭാഗമായി ഇരിങ്ങാലക്കുട ഠാണാവിലെ സപ്‌ളൈകോ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക്‌ ഇരിങ്ങാലക്കുട സി.പി.ഐ. ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കൗണ്‍സിലര്‍ ബെന്നി വിന്‍സെന്റ്‌, കെ.ഒ.വിന്‍സെന്റ്‌, കെ.ശ്രീകുമാര്‍, കെ.സി.ബിജു, എം.സി.രമണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

News Date: Tuesday, August 21, 2012
"പൂവുകള്‍ക്ക്‌ പുണ്യകാലം" നാളെ സെന്റ്‌ ജോസഫില്‍ 500ലധികം നാട്ടുപൂക്കള്‍ വിടരും 23232

ഇരിങ്ങാലക്കുട സെന്റ്‌ ജോസഫ്‌ കോളേജിലെ മലയാള വിഭാഗം നടത്തുന്ന ഒന്‍പതാമത്‌ നാട്ടു പൂ ശേഖരണ മത്സരം "പൂവുകള്‍ക്ക്‌ പുണ്യകാലം" ചിത്തിര ദിവസമായ നാളെ (ബുധന്‍) രാവിലെ സെന്റ്‌ ജോസഫ്‌ കോളേജില്‍ വച്ച്‌ നടക്കുന്നു. രാവിലെ പത്തു മണിക്കാണ്‌ കണ്ണില്‍ പെട്ടതും കാണാതെ പോയതുമായ അഞ്ഞൂറിലധികം നാടന്‍ പൂക്കള്‍ ഒരേ വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. സാംസ്‌കാരികപരവും വൈജ്ഞാനികവുമായ അറിവും ഗൃഹാതുരതയുമുണര്‍ത്തുന്ന വ്യത്യസ്‌തതയാര്‍ന്ന ഈ മത്സരം ആദ്യമായി അവതരിപ്പിച്ചത്‌ സെന്റ്‌ ജോസഫ്‌ കോളേജാണെന്നും, അഞ്ഞൂറിലധികം നാടന്‍പൂക്കള്‍ പ്രദര്‍ശിപ്പിക്കുന്ന കേരളത്തിലെ ഒരേയൊരു വേദി സെന്റ്‌ ജോസഫ്‌ കോളേജാണെന്നും ഇതില്‍ നിന്നും മറ്റുള്ളവര്‍ പ്രചോദനമുള്‍ക്കൊള്ളുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും കോളേജ്‌ അധികൃതര്‍ പറഞ്ഞു.

News Date: Tuesday, August 21, 2012
ആസ്വാദ്യകരമായി നളചരിതം ഒന്നാം ദിവസം 23199

തിരനോട്ടം അരങ്ങ്‌ 2012നോടനുബന്ധിച്ച്‌ ഉണ്ണായി വാര്യര്‍ സ്‌മാരക കലാനിലയത്തില്‍ സംഘടിപ്പിച്ച നളചരിതം ഒന്നാം ദിവസം കാണികള്‍ക്ക്‌ ഉന്നത നിലവാരത്തിലുള്ള ആസ്വാദനം പകര്‍ന്നു. നളചരിതം ഒന്നാം ദിവസം 'പ്രിയമാനസ' വരെ ഒരു ഭാഗവും, 'ഹംസദമയന്തി' രണ്ടാം ഭാഗവുമായിട്ടാണ്‌ അരങ്ങില്‍ അവതരിപ്പിച്ചത്‌. തിരനോട്ടം സംഘടിപ്പിച്ച ചൊല്ലിയാട്ട കളരിയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന ചര്‍ച്ചകളെ അടിസ്ഥാനമാക്കിയായിരുന്നു അവതരണം. സാധാരണ അവതരണ ശൈലികളില്‍ നിന്നും വ്യത്യസ്‌തമായി പ്രണയാതുലനായ നളന്‍ നവാഭിനയെ ബിംബങ്ങളെ കണ്ടെത്തുന്ന അവതരണ സങ്കേതമാണ്‌ ആട്ടത്തിലാവിഷ്‌ക്കരിച്ചത്‌. കലാമണ്ഡലം മനോജ്‌കുമാര്‍ നളനേയും, നീരജ്‌ നാരദനേയും, സദനം ഭാസി ഹംസത്തേയും അവതരിപ്പിച്ചു. കോട്ടയ്‌ക്കല്‍ മധുവും കലാമണ്ഡലം വിനോദും സംഗീതം പകര്‍ന്നു. കലാമണ്ഡലം നന്ദകുമാര്‍ ചെണ്ടയും, അനീഷ്‌ മദ്ദളവും വായിച്ചു. കലാനിയം സജി, കലാമണ്ഡലം രവി എന്നിവരായിരുന്നു ചുട്ടി. ഹംസദമയന്തിയുടെ ഭാഗത്ത്‌ കലാമണ്ഡലം ഷണ്‍മുഖദാസ്‌ ദമയന്തിയേയും, തോഴിമാരെ ആര്‍.എല്‍.വി പ്രമോദ്‌, കലാമണ്ഡലം ശ്രീരാമന്‍ തുടങ്ങിയവരും, ഹംസത്തെ സദനം ഭാസിയും അവതരിപ്പിച്ചു. കലാമണ്ഡലം വിനോദ്‌, നെടുമ്പിള്ളി രാംമോഹന്‍ തുടങ്ങിയവര്‍ പാട്ടുകാരായി. കലാമണ്ഡലം ഹരീഷ്‌ ചെണ്ടയും, ഹരിനാരായണന്‍ മദ്ദളവും വായിച്ചു. തിരനോട്ടത്തിന്റെ 12 കളിയരങ്ങുകളുടെ അനുഭവം പീശപ്പിള്ളി രാജീവന്‍, ഏറ്റുമാനൂര്‍ കണ്ണന്‍, കലാമണ്ഡലം പ്രദീപ്‌ കുമാര്‍ തുടങ്ങിയവര്‍ പങ്കുവച്ചു.

News Date: Tuesday, August 21, 2012
കാട്ടൂരില്‍ ഹരിത വെജിറ്റബിള്‍ സ്റ്റാള്‍ ഉദ്‌ഘാടനം ചെയ്‌തു 23220

കാട്ടൂര്‍ സര്‍വ്വീസ്‌ സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ നടത്തുന്ന നീതി ഫ്രഷ്‌ വെജിറ്റബിള്‍സിന്റേയും, ഹരിത വെജിറ്റബിള്‍ സ്റ്റാളിന്റേയും ഉദ്‌ഘാടനം കാട്ടൂര്‍ ബാങ്ക്‌ ടവര്‍ ആന്‍ഡ്‌ ട്രേഡ്‌ സെന്ററില്‍ വച്ചു എം.എല്‍.എ അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഷീജ പവിത്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടി.ജി ശങ്കരനാരായണന്‍ ആദ്യ വില്‍പ്പന നടത്തി. ഉയര്‍ന്ന ഗുണനിലാവാരത്തോടു കൂടിയ പച്ചക്കറികള്‍ മാര്‍ക്കറ്റിലെ വിലയേക്കാള്‍ പരമാവധി 30 ശതമാനം വരെ വിലക്കുറവില്‍ ഇവിടെ ലഭ്യമാണ്‌. മാത്രമല്ല ബാങ്ക്‌ പ്രവര്‍ത്തന പരിധിയിലെ കര്‍ഷകരും, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന എല്ലാവിധ പച്ചക്കറികളും ഉയര്‍ന്ന വിലയ്‌ക്ക്‌ ഇവിടെ സംഭരിക്കും.

News Date: Tuesday, August 21, 2012
ഫാര്‍മസിസ്റ്റിന്റെ മരണത്തില്‍ അനുശോചിച്ചു 23230

കല്ലേറ്റുംങ്കര സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ നീതി മെഡിക്കല്‍ സ്‌റ്റോറിലെ ഫാര്‍മസിസ്റ്റ്‌ ഷൈനി മാത്തച്ചന്റെ അകാല വിയോഗത്തില്‍ ഭരണസമിതിയും, ജീവനക്കാരും അനുശോചിച്ചു. അനുസ്‌മരണയോഗത്തില്‍ ബാങ്ക്‌ പ്രസിഡണ്ട്‌ സി.ഐ ബാബു അദ്ധ്യക്ഷത വഹിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ എന്‍.കെ ജോസഫ്‌ അനുസ്‌മരണം നടത്തി. അനില മൈക്കിള്‍, ഇ.പി ഡെയ്‌സി, എ.എ നന്ദന്‍, സണ്ണി തൊമ്മാന എന്നിവര്‍ സംസാരിച്ചു.

News Date: Tuesday, August 21, 2012
'സാന്ത്വന സമന്വയം' ആഗസ്‌റ്റ്‌ 24ന്‌ തൃശ്ശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ 23204
Author : - ചാക്കോ ജോര്‍ജ്ജ്‌

7000 ത്തിലധികം രോഗബാധിതര്‍ക്ക്‌ താങ്ങും തണലുമായിട്ടുള്ള ആല്‍ഫ പെയിന്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും സമ്പൂര്‍ണ്ണ പരിചരണമെത്തിക്കാനുള്ള ആല്‍ഫയുടെ ശ്രമങ്ങള്‍ക്ക്‌ സാമ്പത്തിക പിന്തുണയ്‌ക്കായി സിനിമാ താരങ്ങളോടൊത്ത്‌ നടത്തുന്ന സായാഹ്ന കൂട്ടായ്‌മ 'ഡിന്നര്‍ വിത്ത്‌ ഫിലിം സ്റ്റാര്‍സ്‌' 2012 ആഗസ്റ്റ്‌ 24 വെള്ളിയാഴ്‌ച വൈകീട്ട്‌ 7 മണിക്ക്‌ തൃശ്ശൂര്‍ ലുലു ഇന്റര്‍നാഷ്‌ണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടക്കും.

News Date: Tuesday, August 21, 2012
സംസ്ഥാനത്തെ മികച്ച എഞ്ചിനീയറിംഗ്‌ കോളേജിന്‌ 'രാജീവ്‌ ഗാന്ധി ഗോള്‍ഡന്‍ ട്രോഫി' 23206

  ഇന്ത്യയെ 21-ാം നൂറ്റാണ്ടിന്റെ പുതുയുഗ പിറവിയിലേക്കും, ശാസ്‌ത്ര സാങ്കേതിക വിപ്ലവത്തിലേക്കും നയിച്ച മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ 68-ാം ജന്മദിനം കേരള സിറ്റിസണ്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. ഫോറം പ്രസിഡണ്ട്‌ പി.എം ഷാഹുല്‍ഹമീദ്‌ മാസ്റ്റര്‍, അഡ്വ.കെ.ജെ ജോസഫ്‌, കേശവന്‍ വെള്ളിക്കുളങ്ങര, ഡോ.ഷഫീക്ക്‌, എ.സി സുരേഷ്‌, ജോജി തെക്കൂടന്‍, കെ.പി കുര്യന്‍, പി.എ അജയഘോഷ്‌, ഹനീഷ്‌ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ്‌ കോളേജിന്‌ രാജീവ്‌ ഗാന്ധി ഗോള്‍ഡന്‍ ട്രോഫിയും, പ്രശസ്‌തി പത്രവും നല്‍കാന്‍ യോഗം തീരുമാനിച്ചു.

News Date: Tuesday, August 21, 2012
ബകവധത്തില്‍ ഗോപിയാശാന്റെ 'ഭീമന്‍' 23210

 കോട്ടയത്ത്‌ തമ്പൂരാന്‍ കല്ലുവഴി സമ്പ്രദായത്തില്‍ രചിച്ച ബകവധത്തിലെ ഭീമസേനനെ മനോഹരമായി അവതരിപ്പിച്ച്‌ പദ്‌മശ്രീ കലാമണ്ഡലം ഗോപിയാശാനും ആസ്വാദകരെ ആനന്ദലഹരിയിലാറാടിച്ചു. ഉണ്ണായിവാര്യര്‍ സ്‌മാരക കലാനിലയത്തില്‍ നടക്കുന്ന തിരനോട്ടം അരങ്ങാണ്‌ കഥകളിയിലെ അനന്വയമായ ഗോപിയാശാന്‍ തന്റെ ഭാവദീപ്‌തമായ അഭിനയം കൊണ്ട്‌ ഉജ്ജ്വലമാക്കിയത്‌. വേദവ്യാസ മഹര്‍ഷിയുടെ നിര്‍ദ്ദേശ പ്രകാരം ഹിഡുംബിയെ സ്വീകരിക്കുന്ന ഭീമന്റെ 'ബാലേ വരിക നീ' യെന്ന പതിഞ്ഞ ശൃംഗാരപദം ഗോപിയാശാന്‍ ആടിത്തിമര്‍ത്തതിന്‌ തിരനോട്ടം അരങ്ങ്‌ സാക്ഷിയായി.

Top 10 News

വരനെ ആവശ്യമുണ്ട്‌

Advertisements

  |  
 
© Copyright 2008 Smart Soft Communications. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@irinjalakuda.com
 
Site Powered by Smart Soft Communications in association with Cascabels Software Technologies