ഇരിങ്ങാലക്കുട:  ഈ വര്‍ഷത്തെ ശ്രീ ഗുരുഗോപിനാഥ് ട്രസ്റ്റ് കേരളയുടെ മികച്ച കേരള നടന അധ്യാപകനുള്ള ' നാട്യപ്രതിഭ പുരസ്‌ക്കാരം' എടക്കുളം സ്വദേശി എ.ജി സന്തോഷ് മാസ്റ്റര്‍ കരസ്ഥമാക്കി.  25 വര്‍ഷമായി നൃത്തകലാരംഗത്തു സജീവമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ഇപ്പോള്‍ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക്ക് സ്‌ക്കൂള്‍ അധ്യാപകനാണ്.  തിരുവന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ ദേവസ്വം വൈദ്യുതി മന്ത്രി കടകംപുള്ളി സുരേന്ദ്രനില്‍ നിന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങി.
 
ഇരിങ്ങാലക്കുട : ലഹരിവിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ആരോഗ്യ പരിസ്ഥിതി ജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ എടതിരിഞ്ഞി ലൈഫ്ഗാര്‍ഡ്‌സിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ട്രാഫിക് ബോധവല്‍ക്കരണത്തിന് തുടക്കമായി. ലൈഫ്ഗാര്‍ഡ് സെക്രട്ടറി ഡോ. എല്‍.പി. അനില്‍കുമാര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് യുവജനങ്ങളെ ബോധ്യപ്പെടുത്തുക, ലഹരിമൂലമുള്ള ആരോഗ്യപരവും മാനസികവുമായ മാറ്റങ്ങളെപ്പറ്റി അറിവു പകരുക, ലഹരി ഉപയോഗം മൂലം നിരത്തുകളില്‍ വാഹനാപകടങ്ങളില്‍ ജീവന്‍ പൊലിയുന്നതു തടയുക, ലഹരി മുക്തമായ നല്ലൊരു തലമുറയെ നാളേക്കായി വാര്‍ത്തെടുക്കുക തുടങ്ങിയവയാണ് ബോധവത്കരണത്തിന്റെ ലക്ഷ്യം. ചെന്താമരാക്ഷന്‍ പുല്ലാനി, സുബ്രഹ്മണ്യന്‍ മുതുപറമ്പില്‍, ഒ.എ. കുഞ്ഞിമുഹമ്മദ്, ഐ.കെ. ശിവജ്ഞാനം, കെ.കെ. മാധവന്‍, ഇ.എന്‍. സുധന്‍, ടി.സി. ശ്രീജയന്‍, സന്ദീപ് പോത്താനി എന്നിവര്‍ നേതൃത്വം നല്‍കി.
 
ഇരിങ്ങാലക്കുട:  നടവരമ്പ് ചിറയില്‍ ഏറ്റവും നവീനമായതും ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്തതുമായ യാന്‍മര്‍ ഞാറ് നടീല്‍ യന്ത്രം ഉപയോഗിച്ച് വിരിപ്പ് കൃഷിക്ക് വേളൂക്കര കൃഷി ഓഫീസര്‍ തോമസ് പി.ഒ യുടെ നേതൃത്വത്തില്‍ ആരംഭം കുറിച്ചു.  നടവരമ്പ് പാടശ്ശേഖര കമ്മിറ്റി സെക്രട്ടറി അയ്യപ്പനും പാടശ്ശേഖര ഉടമകള്‍ക്കു വേണ്ടി അഡ്വ. തോംസണ്‍ മൈക്കിള്‍ എടക്കുളത്തൂരും ഞാറ് നടീല്‍ ഉദ്ഘാടനം ചെയ്തു.  ഒരേ സമയം എട്ട് ഞാറ് നടാവുന്ന കേരളത്തിലെ ഏക യന്ത്രമാണിത് എന്ന് കൃഷിക്ക് നേതൃത്വം നല്‍കുന്ന ബിജുവും ടീമും അവകാശപ്പെട്ടു. 
 
ഇരിങ്ങാലക്കുട:  ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഭാഗമായി ജൂലൈ 3-ാം തിയ്യതി ഞായറാഴ്ച്ച ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ സൗജന്യ ദുക്‌റാന നേര്‍ച്ചയൂട്ട് നടത്തുന്നുമെന്ന് കത്തീഡ്രല്‍ വികാരി ഫാ.ജോയ് കടമ്പാട്ട് അറിയിച്ചു.  തിരുനാളിനോടനുബന്ധിച്ചുള്ള നവനാള്‍ വെള്ളിയാഴ്ച്ച ആരംഭിച്ചു. ജൂലൈ ഒന്നാം തിയ്യതി വെള്ളിയാഴ്ച്ച കുര്‍ബ്ബാനക്കും പതാക ഉയര്‍ത്തലിനും കത്തീഡ്രല്‍ വികാരി ഫാ. ജോയ് കടമ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കും.  രണ്ടാം തിയ്യതി ശനിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബാന, സന്ദേശം, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവെക്കല്‍ തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവ് മുഖ്യ കാര്‍മികത്വം വഹിക്കും. തിരുനാള്‍ ദിനത്തില്‍ കുര്‍ബ്ബാനക്ക് ശേഷം കാരുണ്യ ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം പണി പൂര്‍ത്തിയാക്കിയ ആദ്യത്തെ രണ്ട് വീടുകളുടെ താക്കോല്‍ദാന കര്‍മ്മം പിതാവ് നിര്‍വ്വഹിക്കും.  തിരുനാള്‍ പാട്ട് കുര്‍ബ്ബാനക്ക് റവ.ഫാ. റെനില്‍ കാരാത്ര മുഖ്യ കാര്‍മ്മികത്വവും റവ.ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ തിരുനാള്‍ സന്ദേശവും നല്‍കും. തുടര്‍ന്ന് പള്ളി ചുറ്റി പ്രദക്ഷിണവും ഉണ്ടായിരിക്കും.  കൈക്കാരന്‍മാരായ പോളി ഊക്കന്‍, ബാബു പഞ്ഞിക്കാരന്‍, പ്രൊഫ. എം.എ ജോണ്‍ മേനാച്ചേരി, സാജു ആലേങ്ങാടന്‍, ഷാജന്‍ കണ്ടംകുളത്തി, ഷാജു പന്തലിപ്പാടന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
 
ഇരിങ്ങാലക്കുട:  തനതുനാടക വേദിയുടെ അമരക്കാരനും സംസ്‌കൃത പണ്ഡിതനും കവിയും സംഗീതജ്ഞനും ആയ പദ്മഭൂഷണ്‍ കാവാലം നാരായണപണിക്കരുടെ വിയോഗത്തില്‍ തപസ്യ കലാസാഹിത്യ വേദി ഇരിങ്ങാലക്കുട യൂണിറ്റ് അനുശോചിച്ചു. എ.എസ് സതീശന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ സംസ്ഥാന സംഘടന സെക്രട്ടറി സി.സി സുരേഷ്, തപസ്യ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് വി.എം ശിവശങ്കരന്‍ മാസ്റ്റര്‍, സുചിത്ര വിനയന്‍, രഞ്ജിത്ത് എന്‍ മേനോന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.  2013 ല്‍ തപസ്യയുടെ സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട് കാവാലം നടത്തിയ പ്രസംഗം യോഗം അനുസ്മരിച്ചു
 
ഇരിങ്ങാലക്കുട:  പ്രശസ്തമായ നോട്ടിങ്ങ്ഹാം സര്‍വ്വകലാശാലയിലെ ഒഫ്താല്‍മോളജി വിഭാഗം ഗവേഷകന്‍ ഡോ. ആന്‍ഡ്രു ഹോപ്കിന്‍സണ്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ബയോടെക്‌നോളജി വിഭാഗത്തിന്റെ 2016-2017 അദ്ധ്യായന വര്‍ഷ പാഠ്യപദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. രോഗങ്ങളും പൊള്ളല്‍ പോലുള്ള അപകടങ്ങളും മൂലം നേത്രപടലങ്ങള്‍ക്കുണ്ടാവുന്ന ക്ഷതങ്ങള്‍ക്ക് മൂലകോശങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സാരീതികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
 
ഇരിങ്ങാലക്കുട:  മലയാളം പൈതൃകം ക്ലബ്ബിന്റെ നേതൃത്വത്തില്‍ പബ്ലിക്ക് സ്‌ക്കൂളില്‍ ലോകലഹരി വിരുദ്ധ ദിനാചരണം നടത്തി.  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിയും വിദ്യാലയ അങ്കണത്തില്‍ സ്ഥാപിച്ചിരുന്ന എരിഞ്ഞുകൊണ്ടിരുന്ന ഭീമന്‍ സിഗരറ്റ് വിദ്യാര്‍ത്ഥികളുടെ ആരവങ്ങള്‍ക്കു നടുവില്‍ വെട്ടിനശിപ്പിച്ച് പുകവലിക്കെതിരെയുള്ള പ്രതിഷേധം അതിശക്തമായിതന്നെ പൊതു ജനസമക്ഷം അവതരിപ്പിച്ചു.  പരിപാടികള്‍ക്ക് പ്രിന്‍സിപ്പല്‍ ടി.കെ ഉണ്ണികൃഷ്ണന്‍ കീഴിയില്‍ മലയാള ക്ലബ്ബ് കണ്‍വീനര്‍ ബീന കെ.സി, വി.എസ് സോന എന്നിവര്‍ നേതൃത്വം വഹിച്ചു.
 
ഇരിങ്ങാലക്കുട: പ്രിയദര്‍ശിനി കലാവേദിയുടെ ഉദ്ഘാടനവും അംഗത്വവിതരണവും നടത്തി.  ഇരിങ്ങാലക്കുട എസ്എസ് ഹാളില്‍ നടന്ന ഉദ്ഘാടന പരിപാടികളുടോനുബന്ധിച്ച് നിര്‍ധനരായ എല്ലാ വിഭാഗം രോഗികള്‍ക്കും മരുന്ന് വിതരണവും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ നിയോജകമണ്ഡലത്തിലെ കുട്ടികള്‍ക്ക് വിദ്യഭ്യാസ അവാര്‍ഡുവിതരണവും നിര്‍ധനരായ സര്‍ക്കാര്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനാവശ്യമായ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.  കലാവേദി പ്രസിഡന്റ് പി.കെ ഭാസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനം ഉണ്ണായിവാരിയര്‍ സ്മാരകകലാനിലയം സെക്രട്ടറി സതീശ് വിമലന്‍ നിര്‍വ്വഹിച്ചു.  തുടര്‍ന്ന് നടന്ന സമ്മേളന പരിപാടിയില്‍ കവി ബാബുകോടശ്ശേരി മാസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.  നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ അബ്ദുള്‍ ബഷീറും നിര്‍ധന രോഗികള്‍ക്കുള്ള മരുന്ന് വിതരണം മഹാത്മാസാംസ്‌ക്കാരിക വേദി പ്രസിഡണ്ട് ജോജി  തെക്കുടനും എല്‍പി, യുപി ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള പഠനോപകരണവിതരണം കൗണ്‍സിലര്‍ കെ.കെ അബ്ദുള്ളക്കുട്ടി നിര്‍വ്വഹിച്ചു.  കലാവേദി വൈസ് പ്രസിഡന്റ് അജോ ജോണ്‍ സ്വാഗതവും ബെന്നറ്റ് തൗണ്ടാശ്ശേരി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കലാവേദി സെക്രട്ടറി സുരേഷ് പടിയൂര്‍, കലാവേദി അംഗങ്ങളായ എന്‍.എം രവി, ഷാജു വാവക്കാട്ടില്‍, രാജന്‍ കാറളം, ടി.ജെ പ്രസന്നന്‍, ശിവദാസന്‍ മാപ്രാണം, പി.സി സജീവന്‍, സിന്ദു ഗോപന്‍, നിഷ ഹരിദാസ്, ഗംഗദേവി, അനിത, അജിത, ജലജ സന്തോഷ്, ബാലകൃഷ്ണന്‍ പഷ്ണത്ത് എന്നിവരും സംസാരിച്ചു.  എന്‍.എം രവി നന്ദിയും പറഞ്ഞു
 
അക്ഷരമൂല
കുട്ടംകുളം സമരം 70-ാം വാര്‍ഷികാഘോഷം
കുട്ടംകുളം സമരം 70-ാം വാര്‍ഷികാഘോഷ ഉദ്ഘാടന സമ്മേളനം
ഇരിങ്ങാലക്കുടയിലെ ദൈനംദിന പരിപാടികള്‍()
പത്രസമ്മേളനം
ഇരിങ്ങാലക്കുട : പ്രമുഖ അഭിഭാഷകനും സിപിഐ നേതാവുമായിരുന്ന അഡ്വ.കെ.ആര്‍.തമ്പാന്‍ മണ്‍മറിഞ്ഞിട്ട് ജൂണ്‍ 11ന് എട്ടുവര്‍ഷം തികയുന്നു. അദ്ദേഹത്തിന്റെ എട്ടാം ചരമവാര്‍ഷികം സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയും അഡ്വ. കെ.ആര്‍.തമ്പാന്‍ട്രസ്റ്റും സമുചിതമായി ആചരിക്കുന്നു.....................
ചരമം
ഇരിങ്ങാലക്കുട കല്‍പറമ്പ് കൈതാരത്ത് കുഞ്ഞുവറീത് മകന്‍ വര്‍ഗ്ഗീസ് കൈതാരത്ത്(73) നിര്യാതനായി. സംസ്‌ക്കാരം ജൂണ്‍ 28 ചെവ്വാഴ്ച്ച 3.30 ന് കല്‍പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍. ഭാര്യ: ആനി ചീരോത്തി. മക്കള്‍: നിഷ, നിക്‌സണ്‍, നിമ്മി. മരുമക്കള്‍: അഡ്വ. പി.ഒ ബോണി, രശ്മി, ഡോ. സജു
Birthday
വിവറി ജോണിന് ജ്യോതിസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയുഷന്റെ ജന്മദിനാശംസകള്‍